Logo

 

മുജാഹിദ്‌ സമ്മേളനത്തിന്‌ ആവേശം പകർന്ന് റശീദ്‌ അലി ശിഹാബ്‌ തങ്ങളുടെ പ്രസംഗം

30 December 2017 | Reports

By

കൂരിയാട്‌/സ്റ്റാഫ് റിപ്പോർട്ടർ:  ഒൻപതാം മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രധാന വേദിയിൽ സമുദായ ഐക്യത്തിന്റെ വിളംബരമായി സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങൾ പ്രസംഗിച്ചു. മഹല്ല്, മദ്‌റസാ മാനേജ്‌മന്റ്‌ സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ്‌ റശീദ്‌ അലി തങ്ങൾ മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചത്‌. സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് റശീദ്‌ അലി തങ്ങളെ പിന്തിരിപ്പിക്കാൻ സമസ്തയുടെ പേരിൽ ചിലർ ശക്തമായി ശ്രമിച്ചിരുന്നു. മൂത്തേടം റഹ്‌മതുല്ലാഹ്‌ ‌ ഖാസിമിയുടെ ഒരു ഓഡിയോ ക്ലിപ്പും തങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെതിരിൽ നിശിതമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഈ എതിർപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ടാണ്‌ റശീദ്‌ അലി തങ്ങൾ ഇന്ന് മുജാഹിദ്‌ സമ്മേളന വേദിയിൽ എത്തിയത്‌.

മുജാഹിദ്‌ സമ്മേളനത്തിൽ ഇന്നലെ രാത്രി കെ. എം. ഷാജി എം. എൽ. എയും ഖാസിമിയെപ്പോലുള്ളവരുടെ സംഘടനാ സങ്കുചിതത്വത്തെയും അസഹിഷ്ണുതയെയും ശക്തമായി വിമർശിച്ചിരുന്നു. സമസ്തയും കെ. എൻ. എമ്മും ആണ്‌ കേരള മുസ്‌ലിംകളെ മതവിദ്യാഭ്യാസം വഴി ഉൽബുദ്ധരാക്കിയത്‌ എന്ന് റശീദ്‌ അലി ശിഹാബ്‌ തങ്ങൾ പ്രസംഗത്തിൽ പറഞ്ഞു. താൻ സമസ്തയുടെ ആശയാദർശങ്ങളിൽ ഉറച്ചു നിൽക്കുന്നയാളാണ്‌. എന്നാൽ സുന്നികളും മുജാഹിദുകളും ആശയപരമായ ഭിന്നതകൾക്കതീതമായി മുസ്‌ലിം ഉമ്മത്തിന്റെ പൊതുനന്മക്കുവേണ്ടി ഒന്നിച്ച്‌ പ്രവർത്തിക്കണം എന്നാണ്‌ തന്റെ നിലപാട്‌. വലിയ പ്രതിസന്ധികൾ ദേശീയ തലത്തിലും ആഗോള തലത്തിലും മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത്‌ ഐക്യത്തിനാണ്‌, അല്ലാതെ ഭിന്നതക്കല്ല മുസ്‌ലിംകൾ ശ്രമിക്കേണ്ടത്‌. മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങളും ഉമർ അലി ശിഹാബ്‌ തങ്ങളും എല്ലാം മുജാഹിദ്‌ പ്രസ്ഥാനവുമായി പുലർത്തിയിരുന്ന സമ്പർക്കം താനും തുടരും എന്നും റശീദ്‌ അലി തങ്ങൾ സൂചിപ്പിച്ചു. കരഘോഷങ്ങളോടെയാണ്‌ സദസ്സ്‌ പ്രസംഗത്തെ സ്വീകരിച്ചത്‌.


mm

Admin